10. കളിയാടും ദൈവങ്ങൾ





pic: wiki


പുരാതന സംസ്കാരത്തിൽ ദൈവങ്ങൾക്ക് മനുഷ്യരുടെ സകല സ്വഭാവങ്ങളും ഉണ്ടായിരുന്നു. കളികളും അടിപിടി കശപിശയും എലാം അവർക്കും വിധിച്ചതായിരുന്നു. ഇന്ത്യൻ സംസ്കാരത്തിലെ ദൈവങ്ങൾ എന്ന പോലെ ഗ്രീക്ക് റോമാ സംസ്കാരങ്ങളിലും ഇത് കാണാം. 

"വികൃതി ബാലന്മാർക്ക് തുമ്പികൾ എന്ന പോലെയാണ് ദൈവങ്ങൾക്ക് നാം, വിനോദത്തിനായി അവർ നമ്മെ കൊല്ലുന്നു" എന്ന് ഷേക്‌സ്‌പിയർ പറയുമ്പോൾ തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കുന്ന കളി ദൈവങ്ങൾക്കും ഉണ്ട് എന്ന് തോന്നിപോകുന്നു.  

നമ്മുടെ ദൈവങ്ങൾക്കും ധാരാളം കളികൾ കൽപ്പിച്ച് നൽകുന്നുണ്ട്. സാക്ഷാൽ പരമേശ്വരന്റെ വിനോദ കളികൾ തിരുവിളയാടൽ എന്ന പേരിൽ പ്രസിദ്ധം. ഭക്തരെ കളിപ്പിക്കാത്ത അവതാരങ്ങൾ കുറവാണ്. 

ശിവപ്രീതിക്കായി പാർവ്വതി ആടുന്ന നൃത്തം തിരുവാതിര രാവുകൾക്ക് മാറ്റ് കൂട്ടുന്നുണ്ട്. അങ്ങിനെയുള്ളൊരു ഗാനമാണ് തീർത്ഥയാത്ര (1972) എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്കരൻ രചിച്ച് എ ടി ഉമ്മർ സംഗീതം നൽകിയ ഈ ഗാനം. 

കണ്ണടച്ച് ഈ പാട്ട് കേട്ട് നോക്കു. പാൽ പോലെ പരന്ന, തെളിഞ്ഞ നിലാവൊളിയിൽ ദേവഗണങ്ങൾ കണ്ടു നിൽക്കെ പന്തടിച്ചാടുന്ന ദേവിയുടെ നടനം തെളിയുന്നില്ലേ.. 


ചന്ദ്രകലാധരന്ന് കൺ കുളിർക്കാൻ, ദേവി 

പന്തടിച്ചാടുന്നു ചാഞ്ചാടുന്നു, ചാഞ്ചാടുന്നു.

ചഞ്ചലചരണത്തിൽ ചിലങ്കകൾ കിലുങ്ങി 

കൊഞ്ചും തരിവളകൾ താളത്തിൽ കുലുങ്ങി 

താളത്തിൽ കുലുങ്ങി 


പർവത നന്ദിനി ഇന്നിവൾക്കകമ്പടി 

ഉർവശി മേനക സുന്ദരിമാർ 

രംഭ തിലോത്തമ നർത്തകിമാർ 

മദനൻ മീട്ടുന്നു മണിവീണ 

നന്ദികേശൻ മൃദംഗം മുഴക്കുന്നു 

തദ്ദിമി തദ്ദിമി തദ്ദിമി തദ്ദിമി 

തദ്ദിമി തദ്ദിമി തോം  (ചന്ദ്രകലാധരന്ന് 


മാനസ സരസ്സിന്റെ കരയിൽ ഉലഞ്ഞാടും 

മാലേയ സുരഭില മലർ വനിയിൽ 

ചന്ദ്രകിരണങ്ങൾ ചാമരം വീശുമ്പോൾ 

ബന്ധുര നർത്തനം തുടരൂ നീ (ചന്ദ്രകലാധരന്ന് 


the song:

https://www.youtube.com/watch?v=DuHnyyP4dGs


വരികൾക്ക് പ്രാധാന്യമുള്ള പംക്തി എന്ന നിലയ്ക്ക് ഇതിൽ പാട്ട് എഴുതിയവരുടെ ചിത്രങ്ങളാണ് കൊടുക്കാറുള്ളത്. നല്ല പാട്ടുകൾ കുറെ സമ്മാനിച്ചിട്ടുണ്ടെങ്കിലും സമകാലീനരായ മറ്റുള്ളവരുടെ നിരയിലേക്ക് എന്ത് കൊണ്ടോ എ ടി ഉമ്മർ ഉയർത്തപ്പെട്ടിട്ടില്ല. അതു കൊണ്ട് കൂടി അദ്ദേഹത്തിന്റെ ചിത്രവും ഇതിൽ ചേർക്കുന്നു. 








Comments

Popular posts from this blog

12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ

9. സ്വപ്‌നങ്ങൾ