12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ
image:
രണ്ട് മഹായുദ്ധങ്ങൾ ലോകത്തെ അനിശ്ചിതത്വത്തിലാക്കിയ ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ, പ്രബലമായ സർഗ്ഗസൃഷ്ടികളിൽ, പ്രത്യേകിച്ച് സാഹിത്യത്തിൽ, പ്രതിഫലിച്ച നിരർത്ഥകത അസ്തിത്വ ദുഃഖം എന്ന പേരിലറിയപ്പെട്ടു. നമ്മുടെ നാറാണത്ത് ഭ്രാന്തൻ സ്വന്തം ജീവിതത്തിലൂടെ പാഠം പകർന്ന നിരർത്ഥകതയ്ക്ക് ഗ്രീക്ക് പുരാണത്തിലെ സമാന കഥാപാത്രമായ സിസിഫസിനെ കൂട്ട്പിടിച്ച് ആൽബർട്ട് കാമു രചിച്ച "ദ മിത്ത് ഓഫ് സിസിഫസ്" എന്ന വ്യാഖ്യാനകൃതി ലോക വിചാരധാരയെ കാര്യമായി സ്വാധീനിച്ചു.
തണുത്തുറഞ്ഞ വിസ്‌മൃതിയിലാണ്ടുകിടന്ന ജീവിതത്തിൽ വസന്തത്തിന്റെ തുടിപ്പുമായി വരുന്ന ഏപ്രിൽ ക്രൂര മാസമാവുന്നത് അത് വീണ്ടും പുതിയ ജീവിതങ്ങൾ കിളിർക്കാൻ കാരണമാവുന്നത് കൊണ്ടാണ്. അർത്ഥമില്ലാത്ത ജീവിതത്തിലെ വിരസ ജീവിതങ്ങൾ ആയാസത്തിൻ്റെ അനുവർത്തനങ്ങളാണ് (ടി എസ് എലിയറ്റിന്റെ തരിശുഭൂമി.)
ഇതിന്റെ പ്രതിഫലനങ്ങൾ മലയാളത്തിലും ഉണ്ടായി. മുകുന്ദൻ ഓ വി വിജയൻ തുടങ്ങിയവരുടെ ആദ്യകാല രചനകളിലും ആധുനിക കവികളിലും എഴുപതുകളുടെയും എണ്പതുകളുടേയും സിനിമകളിലും ഈ വിചാരധാരയുടെ സ്വാധീനം കാണാം.
ജീവിതാസക്തി നഷ്ടപെട്ട് ശൂന്യതയുടെ ഉപാസകരായി മാറിയ ക്യാംപസുകളിലെ കവിഹൃദയങ്ങൾ ഈ കാൽപനിക ദുഃഖത്തിന്റെ മാതൃകാ വാഹകരായിരുന്നു. അക്കാലത്ത് ക്യാംപസിലെ കാമ്പുള്ള കാമിനിമാരുടെ ഒളികണ്ണേറു ചെന്ന് തറച്ചിരുന്നത് മാറി നടന്നിരുന്ന ഈ ജനുസിൽപ്പെട്ട താടിക്കാരിലായിരുന്നു. ഇത്തരം കഥാപാത്രങ്ങൾ മാത്രം ചെയ്യാൻ വിധിക്കപെട്ട വേണു നാഗവള്ളി പലരുടെയും ആരാധനാപാത്രമായി.
സിനിമകളിലും സിനിമാഗാനങ്ങളിലും ഈ ശൂന്യത ഇടം നേടി. ഈ ഭാവം അടിസ്ഥാനമാക്കിയ രണ്ട് ഗാനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
മനസ്സിന്റെ തീർത്ഥയാത്ര (1981) എന്ന സിനിമയിൽ ഓ എൻ വി രചിച്ച ഗാനമാണ് ആദ്യം. വിരസ ജീവിതത്തിൽ ഇവിടെ നിറം പകരുന്നതും അത് വഴി ക്ഷണികമായെങ്കിലും അർത്ഥം പകരുന്നതും പ്രകൃതിയാണ്. ഒരു കിളിയൊച്ച ഉണർത്തിയ ഹൃദയത്തിന്ന് സാന്ത്വനമാകുന്ന പുഴതന്നെ തകർന്ന സ്വപ്നത്തിന്റെ വർണ്ണ നുറുങ്ങുകൾ പേറി മറയുന്നു. ഓ എൻ വിയുടെ അനന്യ സുന്ദരമായ വരികൾ ഇപ്രകാരം. സംഗീതം എം ബി ശ്രീനിവാസൻ. യേശുദാസിന്റെ ആലാപനം.

Comments
Post a Comment