2. ബന്ധുരം ബന്ധങ്ങൾ എങ്കിലും..

ധാരാളം പ്രതാപികളായ ബന്ധുക്കൾ ഉണ്ടായിട്ടും തിരസ്‌ക്കാരത്തിന്റെ കയ്പ്പിൽ കുതിർന്ന ബാല്യ കൗമാരങ്ങളെക്കുറിച്ച് ആത്മകഥയിൽ  ശ്രീകുമാരൻ തമ്പി പ്രതിപാദിക്കുന്നുണ്ട്.

അരങ്ങത്ത് ബന്ധു ചമയുന്നവർ അണിയറയിൽ ശത്രുത പുലർത്തുന്ന ജീവിത നാടകം അദ്ദേഹത്തിൻ്റെ പല പാട്ടുകളിലും സൂചിപ്പിക്കപ്പെട്ടു കാണാം. അത്രമേൽ കയ്പ്പ് കുടിച്ചത് കൊണ്ടാവാം മലയാള സിനിമയിൽ ബന്ധങ്ങളുടെ പൊള്ളത്തരത്തെ കുറിച്ചു ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചിട്ടുള്ളത് അദ്ദേഹമാണ് എന്നാണ് എൻ്റെ ധാരണ. 

അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അദ്ദേഹം തന്നെ സംവിധാനം ചെയ്ത "മോഹിനിയാട്ടം" എന്ന ചിത്രത്തിലെ ഒരു ഗാനമാണ് 'സ്വന്തമെന്ന പദത്തിന്ന് എന്തർത്ഥം' എന്ന് തുടങ്ങുന്ന ഗാനം. ജീവിത സാഹചര്യങ്ങളിലെ സാധാരണത്വത്തിൽ നിന്ന് താത്വിക  അന്വേഷണത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഈ ഗാനത്തെ കൊണ്ടെത്തിക്കുന്നു അദ്ദേഹത്തിന്റെ പ്രതിഭ. ആലോചിച്ചു നോക്കിയാൽ ഒറ്റയ്ക്ക് വന്നു ഒറ്റയ്ക്ക് മടങ്ങുന്നതിനിടയിൽ സ്വന്തബന്ധങ്ങൾ എല്ലാം ക്ഷണികമല്ലേ?

 ഗാനം:

സ്വന്തമെന്ന പദത്തിനെന്തർത്ഥം - ഈ

ബന്ധമെന്ന പദത്തിനെന്തർത്ഥം

ബന്ധങ്ങൾ സ്വപ്നങ്ങൾ ജലരേഖകൾ

 

പുണരാൻ അടുക്കുമ്പോൾ പുറംതള്ളും തീരവും

തിരയുടെ സ്വന്തമെന്നോ

മാറോടണയ്ക്കുമ്പോൾ പിടഞ്ഞോടും മേഘങ്ങൾ

മാനത്തിൻ സ്വന്തമെന്നോ

പൂവിനു വണ്ട് സ്വന്തമോ

കാടിനു കാറ്റു സ്വന്തമോ

എനിക്ക് നീ സ്വന്തമോ, ഓമനേ

നിനക്ക് ഞാൻ സ്വന്തമോ

 

വിടർന്നാൽ ഉടനെ കൊഴിയുന്ന പുഞ്ചിരി

അധരത്തിൻ സ്വന്തമെന്നോ

കരൾ പുകഞ്ഞാൽ ഊറും കണ്ണുനീർ മുത്തുകൾ

കണ്ണിൻ്റെ സ്വന്തമെന്നോ

കാണിക്ക് കണി സ്വന്തമോ

തോണിക്ക് വേണി സ്വന്തമോ

എനിക്ക് നീ സ്വന്തമോ, ഓമനേ

നിനക്ക് ഞാൻ സ്വന്തമോ

***** 

  സത്യം അദ്ദേഹം ധ്വനിപ്പിക്കുന്നത് പ്രകൃതിയിൽ നിന്നുള്ള മനോഹരമായ ബിംബങ്ങൾകൊണ്ടാണ്. എനിക്ക് എടുത്തുപറയാൻ തോന്നുന്ന വരികൾ ആദ്യ ചരണത്തിലെ

"പുണരാൻ അടുക്കുമ്പോൾ പുറംതള്ളും തീരവും

തിരയുടെ സ്വന്തമെന്നോ

മാറോടണയ്ക്കുമ്പോൾ പിടഞ്ഞോടും മേഘങ്ങൾ

മാനത്തിൻ സ്വന്തമെന്നോ"

എന്ന വരികളാണ്.

തീരത്തിന്റെ മാറിൽ വന്നടിയുക എന്നതാണ് ഏതു തിരയുടെയും പരമഗതി. മേഘങ്ങൾ ഇല്ലെങ്കിൽ മാനം എന്നത് ശൂന്യത മാത്രം. അതുകൊണ്ട് നിരാസം എത്ര ആവർത്തിച്ചാലും തിരയ്ക്ക് തീരത്തെ അണയാതെ തരമില്ല. മാനത്തിന്ന് മേഘങ്ങൾക്ക് മുമ്പിൽ കൈനീട്ടാതെയും ആവില്ല.

ചിത്രം: മോഹിനിയാട്ടം 

വർഷം: 1976 

രചന, സംവിധാനം : ശ്രീകുമാരൻ തമ്പി 

സംഗീതം : ദേവരാജൻ 

ആലാപനം: യേശുദാസ് 


ഗാനത്തിന്റെ ലിങ്ക് ചുവടെ 

https://www.youtube.com/watch?v=TwnW6BBLXwc



Comments

Popular posts from this blog

10. കളിയാടും ദൈവങ്ങൾ

12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ

9. സ്വപ്‌നങ്ങൾ