3. അപാരത

അപാരത എന്ന വാക്ക് എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. അറ്റമില്ലാത്തത് അന്തമില്ലാത്തത് കണ്ണെത്താദൂരം പരന്നുകിടക്കുന്നത് ഭാവനയ്ക്കും അതീതം എന്നിങ്ങനെ അനന്തവിസ്താര സൂചകമാണ് എനിക്ക് പദം.

വാക്ക് ഉൾപ്പെട്ട ഗാനങ്ങളിൽ പ്രധാനമായും മൂന്നെണ്ണമാണ് എൻ്റെ സ്മരണയിൽ നിൽക്കുന്നത്.

ആദ്യത്തെ അപാരത തീരമാണ് - ഭാർഗ്ഗവീ നിലയം എന്ന സിനിമയിലെ ഏകാന്തതയുടെ അപാര തീരം. കണ്ണെത്താ ദൂരം വ്യാപിച്ചു കിടക്കുന്ന വിജനതീരത്തിൽ ഏകാന്തനായി നിൽക്കുന്ന ബഷീറിന്റെ ചിത്രം ഇതിലും നന്നായി പകർത്താൻ വാക്കുകൾക്കാവില്ല.

സരസനും സർവ്വജന സമ്പ്രീതനുമായ ബഷീറിന്റെ ഉള്ളിൽ കനത്ത ഏകാന്തതയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റസാഖ് കോട്ടക്കൽ, പുനലൂർ ബാലൻ എന്നിവരാണ് ബഷീറിന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ എടുത്തിട്ടുള്ളത്. അതിൽ എടുത്തു പറയേണ്ടത് റസാഖിന്റെ ചിത്രീകരണ രീതിയാണ്. പോസ് ചെയ്തു എടുക്കുന്നതല്ല റസാഖിന്റെ രീതി. വ്യക്തിയുടെ കൂടെ കഴിഞ്ഞ് സ്വാഭാവികമായ ഭാവപ്പകർച്ചകൾ പകർത്തുന്ന ശൈലിയായിരുന്നു അയാളുടേത്. അത് കൊണ്ടാവാം റസാഖിന്റെ ചിത്രങ്ങളിൽ ബഷീറിന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്ന ഏകാന്തത മറ്റധികം ചിത്രങ്ങളിൽ കണ്ടിട്ടില്ല. ഈ ഏകാന്തത ഉൾക്കൊണ്ട ഗാനമാണ് പി ഭാസ്കരൻ സിനിമക്ക് വേണ്ടി രചിച്ചിരിക്കുന്നത്.

അടുത്ത അപാരത കടലാണ്. ദത്തുപുത്രൻ എന്ന ചിത്രത്തിന്ന് വേണ്ടി വയലാർ എഴുതിയ "ആഴി, അലയാഴി... അപരാതേ നിൻ വിജനമാം കരയിൽ, അലയുന്നു ഞാനാം പഥികൻ" എന്ന ഗാനത്തിൽ.

മൂന്നാമത്തെതിൽ അപാരത ആകാശമാണ്. അപാര സുന്ദരമായ നീലാകാശം. അപാര നീലാകാശത്തെ അനന്തതയുടെ മഹാസമുദ്രമായ് കാണുന്നു. സൂര്യനും ചന്ദ്രനും ഭൂമിയടക്കമുള്ള ഗ്രഹങ്ങളും ഹംസങ്ങളായി ഒഴുകി നടക്കുന്ന ഒരു സമുദ്രം. അനാദി കാലം മുതൽ അജ്ഞാത കാമുകിക്ക് വേണ്ടി സിംഹാസനം ഒരുക്കി വിഫലമായി കാത്തിരുന്നു ഒടുവിൽ കണ്ണീർ വാർക്കുന്ന ഒരു ഏകാന്ത കാമുകനായി അപാരതയെ സങ്കൽപ്പിക്കുന്നു. കൽപ്പനാ സുന്ദരമായ ഗാനത്തിന്റെ വരികളാവട്ടെ ഇന്ന്.

അപാര സുന്ദര നീലാകാശം

അനന്തതേ നിൻ മഹാസമുദ്രം

 

ഊഴിയും സൂര്യനും വാർമതിയും ഇതിൽ

ഉയർന്ന്നീന്തും ഹംസങ്ങൾ

ആയിരമായിരം താരാഗണങ്ങൾ

അലകളിൽ ഉലയും വെൺനുരകൾ

 

അനാദി കാലം മുതലേ

അജ്ഞാത കാമുകൻ അകലെ

ഏകാന്തതയുടെ മൗന ഗാനമായ്

ഏതോ കാമുകിയെ കാത്തിരിപ്പു

 

പൗർണമിതോറും സ്വപ്നത്തിൽ അവൾക്കായി

സ്വർണ്ണ സിംഹാസനം ഒരുക്കുന്നു

കാണാതൊടുവിൽ വർഷമുകിലിനാൽ

കദനക്കണ്ണീർ ഒഴുക്കുന്നു


 

ചിത്രം: വിത്തുകൾ (1971)

രചന: പി ഭാസ്കരൻ

സംഗീതം: പുകഴേന്തി

ആലാപനം: യേശുദാസ്

സിനിമ സംവിധാനം ചെയ്തതും പി ഭാസ്കരൻ തന്നെയാണ്.

 

ഗാനത്തിന്റെ ലിങ്ക്:

 

 https://www.youtube.com/watch?v=OX2rTbc7YHE



 


Comments

Popular posts from this blog

10. കളിയാടും ദൈവങ്ങൾ

12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ

9. സ്വപ്‌നങ്ങൾ