4. വൃദ്ധ ദൈവവും തകർന്ന സ്വപ്നങ്ങളും
ദൈവസങ്കൽപ്പങ്ങളുടെ വ്യത്യസ്ഥ രൂപങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഗാനരചിയേതാക്കളിൽ വയലാർ രാമവർമ്മയാണ് ഏറ്റവും മുന്നിൽ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ചെത്തി മന്താരം തുളസി മാലകൾ ചാർത്തിയ രൂപദർശനം കൊതിച്ച കവിതന്നെ ദൈവത്തെ വെറും കളിമൺ പ്രതിമകളായും കാണുന്നു. വയലാറിന്റെ ഭിന്ന ദൈവ ഭാവങ്ങളിൽ എനിക്ക് ഏറെ കൗതുകം തോന്നിയിട്ടുള്ളത് വൃദ്ധഭാവത്തിലുള്ള സങ്കൽപ്പമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവിയും ചിത്രകാരനുമായ വില്യം ബ്ലേക്ക് വരച്ച ഒരു ചിത്രമുണ്ട്. ആദിമ ദിനം എന്ന് ഏകദേശം വ്യാഖ്യാനിക്കാവുന്ന ശീർഷകത്തോടെ വരച്ച ഒരു ചിത്രമാണ് എനിക്ക് സമാനമായി തോന്നുക.
ഇങ്ങനെ ഉള്ള ദൈവത്തെ ചിത്രീകരിക്കുന്ന പാട്ടുകളിൽ എനിക്ക് ഓർമ്മവരുന്നത് പ്രധാനമായും രണ്ട് പാട്ടുകളാണ്. "ശരശയ്യ" എന്ന ചിത്രത്തിലെ നീലാംബരമേ എന്ന പാട്ടിൽ വെള്ളിച്ചൂരലും ചുഴറ്റി വെള്ളത്താടിയും പറത്തി നടക്കാൻ ഇറങ്ങാറുള്ള ദൈവം. രണ്ടാമത്തേത് തീക്കനൽ എന്ന ചിത്രത്തിലെ മാനത്തെ കനലുകെട്ടു എന്ന പാട്ടിൽ. ഇന്ന് ഞാൻ പങ്കു വെക്കുന്നത് ഈ പാട്ടിലെ വരികളാണ്.
അടുപ്പ് കെടുന്ന സമയത്ത് ഉയരുന്ന പുക ചുമരാകെ കരിപിടിപ്പിക്കും. ഇത്ര സാധാരണമായ ഒരു നിത്യക്കാഴ്ച ഇരുളുന്ന മാനത്തോട് ഉപമിക്കുന്ന മനോഹരമായ ബിംബത്തോടെയാണ് ഈ പാട്ട് തുടങ്ങുന്നത്. കരിപിടിച്ച സ്വർഗ്ഗമാളികച്ചുമരിന്മേൽ സമയമറിയുവാൻ കാലം പൊന്നുകൊണ്ടൊരു നാഴികമണി വെച്ചു. തീവ്ര വിരഹ ദുഖത്താൽ സ്ഥലകാല ബോധമറ്റ് ഭ്രാന്തമായ മനസ്സിന്റെ സ്ഫോടനം പോലെയാണ് ഗാനം തുടങ്ങുന്നത്. സ്വന്തമെന്ന് താൻ കരുതിയ കാമുകിയുടെ സ്നേഹനിരാസം താളംതെറ്റിച്ച മനസ്സിൽനിന്ന് ഉയരുന്നതുപോലെയാണ് സിനിമയിലെ കഥാ സന്ദർഭം. ഗാനം ആലപിച്ച യേശുദാസ് തന്നെയാണ് സംഗീതവും നൽകിയത്.
മാനത്തെ കനലുകെട്ടു
സ്വർഗ്ഗമാളികച്ചുമരിന്മേൽ കരിപിടിച്ച
ഭൂമി പെറ്റ പൂവുകൾക്ക് സമയമറിയുവാൻ
കാലം പൊന്നുകൊണ്ടൊരു നാഴികമണി ചുമരിൽവെച്ചു
നാഴികമണിത്തിങ്കളേ, നേരമെന്തായി..
വെള്ളിമേഘ താടി വെച്ചൊരു വൃദ്ധനാം ദൈവമേ
ചില്ലുകണ്ണട ഉടഞ്ഞുപോയോ
നക്ഷത്രപെണ്ണ് വന്ന് നിൻമുന്നിൽ കൊളുത്തിയ
നവരാത്രിദീപങ്ങൾ കൊഴിഞ്ഞ് പോയോ
ഈ കടൽത്തിരയിൽ കൊഴിഞ്ഞുപോയോ
തെന്നലിന്റെ തോണിയിലെ കണ്ണുനീർ പൈങ്കിളി
നിന്റെ കാമുകി പിരിഞ്ഞു പോയോ
കണ്ണാടി വാതിൽ വെച്ച് സ്വപ്നങ്ങൾ പണിഞ്ഞ നിൻ
കടലാസുകോട്ടകൾ തകർന്ന് പോയോ
ഈ കൊടുങ്കാറ്റിൽ തകർന്ന് പോയോ
ചിത്രം: തീക്കനൽ (1976)
സംവിധാനം: മധു
രചന: വയലാർ
സംഗീതം, ആലാപനം: യേശുദാസ്
ഗാനം:

thank you
ReplyDelete