6. കായലരികത്തെ വളകിലുക്കം

CLICK FOR SONG - COURTESY HARMONY videos





pic: from wiki

മലയാള സിനിമാ ഗാനങ്ങളിൽ തികച്ചും വ്യത്യസ്തമായ ഒരു പാട്ടാണ് നീലക്കുയിൽ (1954) എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്കരൻ എഴുതി കെ രാഘവൻ ഈണമിട്ട് പാടിയ "കായലരികത്ത്.." 

മുക്കുവക്കൂട്ടത്തിൽ നിന്നൊരാൾ തൻ്റെ മനോ കാമിനിയ്ക്ക് വേണ്ടി പാടുന്ന ഈ പാട്ട് ഭാസ്കരൻ മാഷുടെ പ്രത്യേകതയായ നാടൻ ഉപമകൾ കൊണ്ട് സമ്പന്നമാണ്. ഇതിലെ അലങ്കാര പ്രയോഗങ്ങൾ തികച്ചും ഗ്രാമീണവും മൗലികവുമാണ്.  

കായലരികത്ത് വലയെറിയുന്ന നേരം കണ്ട സുന്ദരിയോട് പെണ്ണ്കെട്ടിന് എന്നെയും കൂടി ഒന്ന് പരിഗണിക്കണേ എന്ന് പറയുന്നത് മുതൽ ഈ പ്രണയം പക്വതയും യാഥാർഥ്യ ബോധവും പ്രകടമാക്കുന്നു - എന്നെ മാത്രം എന്നല്ല, എന്നെയും കൂടി എന്നാണ്. 

കണ്ണ് കൊണ്ട് കരളിനുരുളിയിൽ എണ്ണ കാച്ചിയ നൊമ്പരവും, ആ നൊമ്പരം ഖൽബിൽ അറിഞ്ഞപ്പോൾ കയറു പൊട്ടിയ പമ്പരമായതും, പുരികക്കൊടിയുടെ അമ്പ് കൊണ്ട് ഞരമ്പുകൾ കമ്പൊടിഞ്ഞ ശീലക്കുടയുടെ കമ്പി പോലെ വലിഞ്ഞു പോയതും മലയാളത്തിൻറെ മാത്രമായ പ്രണയ പാരവശ്യമാണ്. ഇതിലെ ബിംബ കൽപ്പന അദ്വിതീയവുമാണ്. 


പാട്ടിന്റെ വരികൾ:


കായലരികത്തു വലയെറിഞ്ഞപ്പോൾ

വള കിലുക്കിയ സുന്ദരീ..

പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ

ഒരു നറുക്കിനു ചേർക്കണേ..


കണ്ണിനാലെന്റെ കരളിനുരുളിയിലെണ്ണ 

കാച്ചിയ നൊമ്പരം

കൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു

കയറു പൊട്ടിയ പമ്പരം


ചേറിൽ നിന്നു ബളർന്നു പൊന്തിയ

ഹൂറി നിന്നുടെ കയ്യിനാൽ

നെയ്‌ ചൊറു വെച്ചതു തിന്നുവാൻ

കൊതിയേറെ യുണ്ടെൻ നെഞ്ചിലായ്‌


വമ്പെഴും നിന്റെ പുരിക കൊടിയുടെ

അമ്പുകൊണ്ടു ഞരമ്പുകൾ

കമ്പൊടിഞ്ഞൊരു ശീല കുടയുടെ

കമ്പിപോലെ വലിഞ്ഞു പോയ്‌


കുടവുമായ്‌ പുഴ കടവിൽ വന്നെന്നെ

തടവിലാക്കിയ പൈങ്കിളി

ഒടുവിലീയെന്നെ സങ്കടപ്പുഴ

നടുവിലാക്കരുതിക്കളീ


എന്നാൽ ഈ പാട്ടിനെ തികച്ചും അനന്യമാക്കുന്നത് അതിൻ്റെ അവസാന ചരണം ആണ്. പാട്ടിന്റെ സൈനിങ്‌ ഓഫ്. സിനിമാ ഭാഷയിൽ പറഞ്ഞാൽ ക്ലൈമാക്സ്. 

ഖൽബ് കവർന്ന് തന്നെ പമ്പരം കറക്കുന്ന ഹൂറിയോട് അയാൾ പറയുന്നു:


വേറെയാണു വിചാരമെങ്കിലു

നേരമായതു ചൊല്ലുവാൻ

വെറുതെ ഞാനെന്തിനെരിയും വെയിലത്തു

കയിലും കുത്തി നടക്കണ്‌ 


എൻ്റെ പരിമിതമായ അറിവിൽ ഇങ്ങനെ ഒരു പ്രണയ ഗാനം വേറെ ഇല്ല. കാര്യമൊക്കെ ശരി. നിന്നെ എനിയ്ക്ക് ഭയങ്കര ഇഷ്ടാണ്. പക്ഷെ നിൻറെ ഉള്ളിരിപ്പ് വേറെ ആണെങ്കിൽ ആ കാര്യം പറ. എന്തിനാ ഞാൻ വെറുതെ വെയിലത്ത് "കയിലും കുത്തി" നടക്കണ്... 


ഈ പാട്ട് കേൾക്കുമ്പോൾ എനിയ്ക്ക് ഓർമ്മ വരുന്നത് ആംഗലേയ കവി ആൻഡ്രൂ മാർവെൽ എഴുതിയ "നാണം കുണുങ്ങിയായ എൻ്റെ പ്രിയതമയ്ക്ക്" (To his Coy Mistress) എന്ന കവിതയാണ്. 


അംഗോപാംഗം നിൻറെ സൗന്ദര്യം വർണിക്കാൻ യുഗങ്ങൾ വേണം. അത് കഴിഞ്ഞുള്ള പ്രണയ സാക്ഷാത്കാരത്തിന്ന് നീയോ നിൻറെ സൗന്ദര്യമോ ഉണ്ടാവില്ല. വെണ്ണക്കൽ കൊണ്ട് നിർമ്മിച്ച നിൻറെ കല്ലറയിൽ എൻ്റെ ഗാനം മുഴങ്ങില്ല. സൂക്ഷിച്ച് വെച്ച നിൻറെ കന്യാകാത്വം പുഴു അരിച്ച് പോകും. അത് കൊണ്ട് ഇപ്പോൾ തന്നെ നമ്മുടെ കാമനകൾ മോഹ പ്രാപ്തി നേടട്ടെ...



Comments

Popular posts from this blog

10. കളിയാടും ദൈവങ്ങൾ

12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ

9. സ്വപ്‌നങ്ങൾ