7. ഹൃദയത്തിലെ ഈശ്വരൻ
ഈശ്വരൻ എന്ന പ്രഹേളികയെ സങ്കല്പം ഉണ്ടായ നാൾ മുതൽ മനുഷ്യൻ അന്വേഷിക്കുന്നുണ്ട്. പല രൂപത്തിലും രൂപയില്ലാതെയും, പല ഭാവത്തിലും ഭാവമില്ലാതെയും, പല ആളുകൾ പല തരത്തിൽ കരുതി വരുന്ന ഈശ്വര സങ്കൽപ്പത്തിന്ന് മിക്കവാറും ആളുകൾ ചാർത്തി കൊടുക്കുന്ന ഒരു ഭാവം ഉണ്ട് - സ്നേഹം. ഈ അന്വേഷണവും കണ്ടെത്തലും സിനിമ ഗാനങ്ങളിലും ലളിത ഗാനങ്ങളിലും ഉണ്ടായിട്ടുണ്ട്. ഈ വകയിൽ എനിയ്ക്ക് ഏറെ ഇഷ്ടപെട്ട ഒരു തമിഴ് ഗാനം ഉണ്ട്.
ബാബു (1971) എന്ന ചിത്രത്തിൽ വാലി രചിച്ച് എം എസ് വിശ്വനാഥൻ ഈണം നൽകി ടി എം സൗന്ദരരാജൻ പാടിയ ആ ഗാനത്തിന്റെ (ഇതോ എന്തന് ദൈവം മുന്നാലെ) ഏതാനും വരികൾ:
ഇതാ എൻ ദൈവം എൻ മുന്നിൽ, ഞാൻ ഒരേ ഒരു പുഞ്ചിരിയിൽ കണ്ടല്ലോ. സ്നേഹമുള്ള നോട്ടത്തിൽ ദൈവം വാഴുന്നു, അവൻ കരുണയുള്ള നെഞ്ചിൽ കോവിൽ കൊള്ളുന്നു.
പൂങ്കാവനത്തിൽ അവൻ സുഗന്ധമാകുന്നു, പൂങ്കുയിലിൻ തേനൊലിയിൽ അവനുണ്ട്, കുളിർ മേഘമായ് ദാഹം ശമിപ്പിക്കുന്നു, കനികളിലെ മധുരയാകുന്നു..
ഇങ്ങനെ ഈശ്വര സാന്നിധ്യം എന്തിലും കാണുന്ന കവി അതിന്ന് മകുടം ചാർത്തിയ പോൽ പാടുന്നു: അന്യൻറെ ഉയർച്ചയിൽ നീ കണ്ടെത്തും ആഹ്ളാദത്തിൽ കാണുന്നതാണ് ദൈവം എന്ന്. അന്യൻറെ ഉയർച്ച കണ്ട് ആഹ്ളാദിക്കുവാൻ മനസ്സിന്ന് ദൈവ തുല്യമായ പക്വത തന്നെ വേണം.
ഈ ജനുസ്സിൽ മലയാളത്തിൽ ഉള്ള ഒരു ഗാനത്തിൻറെ വരികൾ ഇവിടെ പങ്ക് വെക്കട്ടെ.
കലാഭവൻ സ്ഥാപിച്ച് ചരിത്രം കുറിച്ച ആബേലച്ചൻ (ഫാദർ ആബേൽ പെരിയാപുരം) ധാരാളം ഭക്തി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. മിക്കതിനും സംഗീതം നൽകിയത് കെ കെ ആൻ്റണിയാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളിൽ സർവ്വസമ്മതി നേടിയ ഗാനമാണ് "ഈശ്വരനെ തേടി ഞാൻ നടന്നു". ഈ അനശ്വര ഗാനത്തിന്റെ വരികൾ ഇങ്ങനെ:
ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ
എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
എവിടെയാണീശ്വരന്റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ... (ഈശ്വരനെ..
കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനനച്ചോല കുണുങ്ങിയോടി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി (ഈശ്വരനെ..
അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..
അവിടെയാണീശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം
യേശുദാസ് ആലപിച്ച ഈശ്വരനെ തേടി ഞാൻ നടന്നു..

Comments
Post a Comment