8. നിത്യ വിരഹത്തിൻ്റെ പാട്ട്

 







pic courtesy




മനോ നില തെറ്റിയ ആൾക്ക് പഴയതൊന്നും ഓർക്കാൻ ആവാത്ത അവസ്ഥയിൽ ഓർമ്മ തിരിച്ച് കൊണ്ടുവരാൻ പല യുക്തികൾ പരീക്ഷിക്കാറുണ്ട്. ഈ അവസ്ഥ പ്രമേയമാക്കിയ സിനിമകൾ ഉണ്ട്. അതിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ നാം കണ്ടിട്ടുണ്ട്. മൂന്നാം പിറ പോലുള്ള തമിഴ് സിനിമയിലും ഇന്നലെ പോലുള്ള മലയാള സിനിമയിലും ഇത്തരം രംഗങ്ങൾ ഉണ്ട്. 

ചില സിനിമകളിൽ ഇതിനുള്ള ഒരു യുക്തിയായി ഗാനങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരം ഒരു സന്ദർഭത്തിലെ ഗാനമാണ് ഇന്ന് ഞാൻ അവതരിപ്പിക്കുന്നത്. ആദ്യം ഗാന വരികൾ.

സിനിമ: ശംഖുപുഷ്പം (1977). ഗാന രചന: ശ്രീകുമാരൻ തമ്പി. സംഗീതം: എം കെ അർജ്ജുനൻ. ഗായകൻ: കെ ജെ യേശുദാസ്.

ആയിരം അജന്താ ചിത്രങ്ങളിൽ
ആ മഹാബലിപുര ശിൽപ്പങ്ങളിൽ
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ്
സംഗീതമാലപിച്ചു - സംഗമസംഗീതമാലപിച്ചു
ഓർമ്മയില്ലേ, നിനക്കൊന്നും ഓർമ്മയില്ലേ

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ
അരികിലുണ്ടെന്നാലും നീ
വെൺമേഘഹംസങ്ങൾ കൊണ്ടുവരേണമോ
എൻ ദുഃഖസന്ദേശങ്ങൾ(ആയിരം അജന്താ)

വിദളിത*രാഗത്തിൻ മണിവീണതേടുന്ന
വിരഹിയാം വിരലിനെ പോലെ
കൊതിയ്ക്കുകയാണിന്നും നിന്നെ തലോടുവാൻ
മടിയിലുണ്ടെന്നാലും നീ
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമ നാദ നൂപുരങ്ങൾ (ആയിരം അജന്താ)

*('വിദളിത' എന്ന വാക്കിൻറെ ഏകദേശ അർത്ഥം 'തകർന്ന' എന്നതാണ് എന്നാണ് എനിയ്‌ക്ക്‌ മനസിലാക്കാൻ പറ്റിയത്)

link to song

കാലാതീതമായ പ്രണയത്തെ സൂചിപ്പിക്കാൻ, രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് രചിച്ച അജന്താ ചിത്രങ്ങളിലും   മഹാബലിപുര ശിൽപങ്ങളിലും തുടങ്ങി നവരാത്രി മണ്ഡപത്തിലൂടെ സ്വാതിയുടെ നർത്തകീ പ്രണയം വരെ ഗാനത്തിന്ന് വിഷയമാക്കുന്നുണ്ട്. ഇടയിൽ കാളിദാസന്റെ മേഘ സന്ദേശ സൂചനയും. പാടുന്നത് പുരുഷനാണെങ്കിലും ഗാന വിഷയം പ്രണയിനിയുടെ സഫലമാവാത്ത പ്രണയമാണ്. ഒരിക്കലും പുണരാൻ സാധിക്കാത്ത പ്രഭാതത്തെ ഓർത്തു കേഴുന്ന സന്ധ്യയുടെ നിത്യ വിരഹമാണ് ഈ ഗാനം. എത്ര ജന്മങ്ങൾ കഴിഞ്ഞാലും അത് സഫലമാവാത്ത പ്രണയമായി നിലകൊള്ളും. 

ഈ ഗാന സാരം എന്നെ ഓർമ്മിപ്പിക്കുന്നത് ജോൺ കീറ്റ്സിൻറെ "യവന കലശത്തിന്നൊരു സങ്കീർത്തനം" (Ode on a Grecian Urn) എന്ന കവിതയാണ്. കലശത്തിൽ ആലേഖനം ചെയ്ത ചിത്രങ്ങളിൽ കാമുകിയെ പിന്തുടർന്ന് ചുംബിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ ചിത്രമുണ്ട്. 

"ധീരനായ കാമുക, ഒരിക്കലും നിനക്ക് ചുംബിക്കാനാവതില്ല 

ലക്ഷ്യത്തോട് നീ വളരെ അടുത്തെങ്കിലും - എന്നാൽ വിഷാദിക്ക വേണ്ട 

മറഞ്ഞുപോകാൻ അവൾക്കും ആവതില്ല, പ്രണയ നിർവൃതി നിനക്ക് അപ്രാപ്യമെങ്കിലും 

നിത്യം നിൻ ഇച്ഛ, നിത്യമവളുടെ ലാവണ്യവും"

കാലമെത്ര കഴിഞ്ഞാലും യുവാവിന്ന് പ്രണയ സാഫല്യം ലഭിക്കുകയില്ല. നമ്മുടെ ഗാനത്തിലെ നായികയെപ്പോലെ. 

***

പിൻകുറിപ്പ്: 

ഇതേ ഗാനയുക്തി പ്രയോഗിക്കുന്ന ഒരു തമിഴ് സിനിമയുണ്ട്. 

അണ്ണൻ ഒരു കോവിൽ എന്ന സിനിമയിൽ ആദ്യം പെങ്ങളക്ക് വേണ്ടി പി സുശീല പാടുന്ന ഗാനം പിന്നീട് ഭർത്താവിന്ന് വേണ്ടി എസ് പി ബാല സുബ്രമണ്യം പാടുന്നുണ്ട്. സുശീലയുടെ മികച്ച തമിഴ് ഗാനങ്ങളുടെ പട്ടികയിൽ ഇടം നേടാവുന്ന ഈ ഗാനം പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന തോന്നൽ എനിയ്ക്കുണ്ട്. 

ഈ സിനിമയിലെ തന്നെ "നാലു പക്കം വേടർ ഉണ്ട്" എന്ന ഗാനം സിനിമ പുറത്തു വന്ന ആഴ്ച തന്നെ അശ്ലീലത ആരോപിച്ച് ഓൾ ഇന്ത്യ റേഡിയോ കരിമ്പട്ടികയിൽ പെടുത്തി. അത് കൊണ്ട് ഈ സിനിമയിലെ ഒരു ഗാനവും കുറച്ച് കാലം അവർ വഴി കേട്ടിരുന്നില്ല. ശ്രീലങ്കയിലെ പരിപാടി വഴിയാണ് ഇത് അന്ന് കേട്ടിരുന്നത്. ഗാനം ശ്രദ്ധ നേടാതെ പോയതിന്റെ കാരണങ്ങളിൽ ഒന്ന് ഇതാവാം. 

എന്തായാലും ആ ഗാനത്തിന്റെ ലിങ്കും ചുവടെ ചേർക്കുന്നു. താൽപര്യം ഉള്ളവർക്ക് വേണ്ടി.

https://www.youtube.com/watch?v=ny6wLjICcMw

ചിത്രം : അണ്ണൻ ഒരു കോവിൽ (1977). സംഗീതം: എം എസ് വിശ്വനാഥൻ. ഗാന രചന: കണ്ണദാസൻ. ആലാപനം: പി സുശീല. 









Comments

Popular posts from this blog

10. കളിയാടും ദൈവങ്ങൾ

12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ

9. സ്വപ്‌നങ്ങൾ